You are here:

Baby Vithura

 

1937ല്‍ നെടുമങ്ങാട് വിതുരയില്‍ പദ്മനാഭന്‍ നാരായണി ദമ്പതിമാരുടെ മകനായി ജനിച്ച ബേബി തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലത്തു തന്നെ സജീവരാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു. പലതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. 1965 ല്‍ കെ.ദാമോദരന്റെ പത്രാധിപത്യത്തിലുള്ള 'നവയുഗം' പത്രാധിപസമിതിയില്‍ അംഗമായി. 1966 മുതല്‍ 'ജനയുഗം' പത്രാധിപസമിതിയില്‍ അംഗമായി. 18 വര്‍ഷത്തോളം ജനയുഗം പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. 1984 ല്‍ 'ഈനാട്' ദിനപ്പത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പിന്നീട് 'മംഗളം' ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനും സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായി. 1989 മുതല്‍ 'മംഗള'ത്തില്‍ ചെറുകഥകള്‍ എഴുതി. സ്‌പോര്‍ട്‌സ് സിനിമാ ലേഖനങ്ങള്‍ വേറേയും. 1980 ലെ ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസ്, വിവിധ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ മത്സരങ്ങള്‍, ജവഹര്‍ലാല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

'സിനിരമ' എന്ന സിനിമാ വാരികയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആദ്യകാല നായകന്മാരുമായി ആത്മബന്ധം സ്ഥാപിക്കാന്‍ ബേബിക്ക് കഴിഞ്ഞിരുന്നു. ഒട്ടേറെ സിനിമാ ലേഖനങ്ങളും സ്‌പോര്‍ട്‌സ് ലേഖനങ്ങളും എഴുതിയിട്ടുള്ള ബേബി 'കിന്നാരങ്ങളും പുന്നാരങ്ങളും,' 'സത്യത്തിന്റെ അടിവേരുകള്‍', 'തേന്‍കുടുക്ക' എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'ഇരുപത്', 'നന്മകളുടെ സൂര്യന്‍', 'കെണി' എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ഹൂസ്റ്റന്‍ കേരള റൈറ്റഴേ്‌സ് ഫോറം പുരസ്‌കാരം, വായനാ പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ ഈ പുസ്തകങ്ങള്‍ക്കു ലഭിച്ചു. പൊന്നറ ശ്രീധര്‍ ഫൗണ്ടേഷന്‍ പത്രപ്രവര്‍ത്തക രംഗത്ത് ഏര്‍പ്പെടുത്തിയ ജ്ഞാനദീപം പുരസ്‌കാരത്തിനും ബേബി അര്‍ഹനായി. 

പ്രൊഫഷണല്‍ നാടകസംഘമായ കൊല്ലം ട്യൂണയുടെ പ്രസിഡന്റ്, കൊല്ലം ഉജ്ജയിനിയുടെ സംവിധായകന്‍, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിന്‍ ദേശീയ സമിതി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു. നെടുമങ്ങാട് താലൂക്ക് ഗ്രന്ഥശാല യൂണിയന്‍ സെക്രട്ടറിയായിരുന്നു.

ഭാര്യ: പ്രസന്ന. മക്കള്‍: സരിന്‍, കിരണ്‍. പേരൂര്‍ക്കട ഇന്ദിരാനഗറില്‍ 116 പ്രവീണയിലായിരുന്നു താമസം. 75ാം വയസ്സില്‍ 2013 ആഗസ്ത് 28 ന് അന്തരിച്ചു.