You are here:

Muhammedkoya P. A (മുഷ്ത്താഖ്)

പ്രഗത്ഭ പത്രപ്രവര്‍ത്തകനും വിശ്രുത നോവലിസ്റ്റും പ്രസിദ്ധ സ്‌പോര്‍ട്‌സ് കോളമിസ്റ്റും ചന്ദ്രിക വാരികയുടെ പ്രഥമ പത്രാധിപരുമായിരുന്നു പി.എ.മുഹമ്മദ് കോയ.  മുഷ്ത്താഖ് എന്ന തൂലികാനാമത്തിലാണ് മാതൃഭൂമിയിലെയും ചന്ദ്രികയിലെയും സ്‌പോര്‍ട്‌സ് കോളങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്.
ഒരു കാലഘട്ടത്തിലെ വായനക്കാരെ ആകമാനം വിസ്മയം കൊള്ളിച്ച കഥകളും നോവലുകളും എഴുതിയ പി.എ. കളിക്കളങ്ങളിലും സാഹിത്യത്തിന്റെ രസം പകരുകയും കളിയെഴുത്തിന്റെ പദങ്ങളില്‍ നൂതന ശൈലി ആവിഷ്‌ക്കരിക്കുകയും ഉണ്ടായി.  സ്‌പോര്‍ട്‌സ് കഥകളെന്ന പുതിയൊരു സാഹിത്യശാഖതന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തു.  സ്‌പോര്‍ട്‌സ് ദൃക്‌സാക്ഷിവിവരണത്തിലും കേളി പരത്തി.   സ്‌പോര്‍ട്‌സ് നിരൂപകനായ പി.എ തന്നെയാണ്  സ്‌പോര്‍ട്‌സ്മാന്‍ വാരികക്ക് തുടക്കമി'ത്.  ആകാശവാണിക്കുവേണ്ടി സ്‌പോര്‍ട്‌സ് ദൃക്‌സാക്ഷിവിവരണം തയ്യാറാക്കിയ പി.എ. സ്‌പോര്‍ട്‌സ് പ്രേമികളെ ഹരംകൊള്ളിച്ചു.  
പൗരശക്തിയിലൂടെ പത്രപ്രവര്‍ത്തന രംഗത്ത് പ്രവേശിച്ച പി.എ. ചന്ദ്രികക്ക് പുറമെ ദേശാഭിമാനിയിലും വിപ്ലവത്തിലും പ്രമുഖ ആനുകൂലികങ്ങളിലും പ്രവര്‍ത്തിക്കുകയുണ്ടായി.  പത്രപ്രവര്‍ത്തനരംഗത്ത് പിച്ചവെയ്ക്കുന്ന പലരെയും കൈപിടിച്ചുയര്‍ത്തിയ പി.എ. ലേഖനകലയും മുഖപ്രസംഗമെഴുത്തും കഥയെഴുത്തും പ്രഭാഷണകലയും പുതിയ തലമുറയെ അഭ്യസിപ്പിച്ചു.  പി.എ വളര്‍ത്തിയെടുത്ത പത്രപ്രവര്‍ത്തകരും കളിയെഴുത്തുകാരും നിരവധിയാണ്.
സുറുമയിട്ട കണ്ണുകളും,  ടാക്‌സിയും സുല്‍ത്താന്‍ വീടും പി.എ.യുടെ യശസ്സുയര്‍ത്തിയ നോവലുകളാണ്. മുസ്ലിംകളുടെ സാമുദായിക ജീവിതം കഥകളിലൂടെ പച്ചയായി അവതരിപ്പിച്ച അദ്ദേഹം കോഴിക്കോട് തെക്കെപുറത്തിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുത്തു.  ദ്വീപുകാരെകുറിച്ച്  ആഴത്തില്‍ പഠിച്ചുരചിച്ച നോവല്‍ അദ്ദേഹത്തെ ദ്വീപുകാരുടെ ഇഷ്ടപുത്രനാക്കി.
1922-ല്‍ കോഴിക്കോട് ജനിച്ച പി.എ 1990 നവംബര്‍ 25-ന് 68-ാം വയസ്സില്‍ വിടപറഞ്ഞു.  മുഷ്താഖിന്റെ പേരില്‍ സ്‌പോര്‍ട്‌സ് ലേഖനത്തിനും സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍ക്കും കാലിക്കറ്റ് പ്രസ് ക്ലബ് സ്‌പോര്‍ട്‌സ് കൗസിലുമായി സഹകരിച്ച് പുരസ്‌കാരം ഏര്‍പ്പെടുത്തിയിച്ചുണ്ട്.കളിയെഴുത്തിന്റെ ആശാന്റെ പേരില്‍ പട്ടുതെരുവിനോടനുബന്ധിച്ച് മുഷ്ത്താഖ് റോഡുമുണ്ട്.  പുനത്തില്‍ ഖാത്തൂന്‍ബീവിയായിരുന്നു ഭാര്യ.